മനുഷ്യനായി ജനിക്കുക, മോക്ഷേച്്ഛുവായി ജീവിക്കുക, ഒരു മഹാപുരുഷന്റെ-ഗുരുവിന്റെ സംശ്രയത്വം ലഭിക്കുക ഇവ മൂന്നും സംഭവിക്കുന്നതിന് ദൈവാശ്രയത്വം ആവശ്യമാണ്. ഇങ്ങനെ ദൈവാനുഗ്രഹം ലഭിച്ച രണ്ടു സന്ന്യാസിനികള്‍ നിത്യചൈതന്യയതി എന്ന മഹായോഗിയുടെ ആശ്രമത്തില്‍ ഉണ്ടായിരുന്നു. ഭഗവദ്ഗീതയും, ഉപനിഷത്തും മറ്റും പഠിപ്പിക്കാനായി ഗുരു വിദേശത്തായിരുന്നപ്പോള്‍ സന്ന്യാസിനികളായ ഇന്ദിരക്കും, രാധക്കും അയച്ച കത്തുകളാണ് ഫേണ്‍ഹില്‍ എന്ന പുസ്തകത്തിന്‍റെ ഉള്ളടക്കം.1976 മുതല്‍ 1999 വരെ യതി നടത്തിയ വിദേശയാത്രകളിലുണ്ടായ അനുഭവങ്ങളും പ്രണവമന്ത്രത്തെക്കുറിച്ചും, വേദാന്തത്തെക്കുറിച്ചും ഗുരുവിന് ശിഷ്യകളോട് പറയാനുണ്ടായിരുന്നതും ഈ പുസ്തകത്തില്‍ വായിക്കാം. പത്മന സ്വദേശിയായ സുള്‍ഫിക്കള്‍ ആണ് ഈ കത്തുകള്‍ സമാഹരിച്ച് പുസ്തക രൂപത്തിലാക്കിയത്. നിത്യചൈതന്യയതിയെ വാക്കുകള്‍ കൊണ്ട് നിര്‍വ്വചിക്കുക പ്രയാസമാണ്. സ്നേഹാലുവായ ആ ഗുരു ശിഷ്യകള്‍ക്ക് നല്‍കിയ ഉപദേശങ്ങളില്‍ അവാച്യമായ കരുതലും, വാത്സല്യവും നിറഞ്ഞിട്ടുണ്ട്. തന്‍റെ ഗുരു എന്ന ബോധത്തില്‍ നിന്നാണ് ഈ ശിഷ്യകള്‍ ഗുരു എന്ന തത്വത്തിലേക്ക് കടന്നതെന്ന് പുസ്തകം വായിച്ചാല്‍ മനസ്സിലാകും. ഓര്‍ക്കുമ്പോള്‍ മൂകയാക്കി കളയുന്ന ആശ്ചര്യമായിരുന്നു ഇരുവര്‍ക്കും ഗുരു. സഹൃദയനായ യതിയാണ് ഈ പുസ്തകത്തില്‍ ഉടനീളമുള്ളത്. ശിഷ്യകള്‍ക്ക് കത്തെഴുതുമ്പോള്‍ വരികള്‍ക്കിടയില്‍ അരിച്ചു നടക്കുന്ന കുഞ്ഞുറുമ്പിനെ കണ്ട് വാക്കുകളില്‍ തേന്‍ കിനിയുന്നതു കൊണ്ടായിരിക്കുമെന്ന് പറയാനുള്ള നര്‍മ്മബോധം ഗുരുവിനുണ്ട്. സ്‌നേഹത്തിന്റെ പൂര്‍ണകുംഭമായ യതി ഇന്ദിരക്കയച്ച കത്തില്‍ പറയുന്നു-'മനുഷ്യര്‍ ഏത് പരിതസ്ഥിതിയില്‍ ആയാലും പരസ്‌പരം സ്‌നേഹിക്കുന്നത് ഞാന്‍ തടസ്സപ്പെടുത്തുകയോ, കുറ്റപ്പെടുത്തുകയോ ഇല്ല.' സ്ത്രീയുടെ സ്വത്വത്തെ മാനിച്ചു കൊണ്ട് 'ആശേഌഷ ചുംബനാദികളില്‍ കുളിര്‍ത്ത രതിരസാര്‍ത്തിയൊഴുകുന്ന പ്രാകൃതികതയെ മറികടന്നു നിരാലംബമായി പ്രശോഭിക്കുന്ന ഏകാന്തസുന്ദരമായ ജ്ഞാനത്തെ മുഴുമുതലായി കാണാനുള്ള കഴിവിനെ വളര്‍ത്തിയെടുത്താല്‍ മാത്രമേ സ്ത്രീകള്‍ക്ക് സാമൂഹികമായ വിലക്കുകള്‍ക്കപ്പുറത്തു പോയി അവളുടെ അസ്‌സിത്വം കണ്ടെത്താന്‍ കഴിയൂ 'എന്ന് ഗുരു പറയുന്നു. സത്യത്തെ കേവല ആശയമായി കാണാന്‍ കഴിയില്ലെന്നു പ്രഖ്യാക്കുകയും അതിനെ ശക്തിയുറ്റ പ്രതിഭാസമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയുമാണ് ഗുരു. ന്യൂയോര്‍ക്കിലെയും, ബോസ്റ്റണ്‍, ഇംഗഌണ്ട് തുടങ്ങിയ സ്ഥലങ്ങളിലേയും ആളുകളുടെ ചെറുചലനങ്ങള്‍, സാമൂഹിക കാഴ്ചപ്പാട്, സംസ്‌കാരം, രാഷ്ട്രീയ ബോധം, തുടങ്ങി എല്ലാം ഗുരു കത്തുകളില്‍ വരച്ചിടുന്നുണ്ട്. ഇംഗ്ലണ്ട്, അവിടുത്തെ പ്രധാനമന്ത്രി താച്ചറെപ്പോലെ എപ്പോഴും ഇരുണ്ടും, മൂടിക്കെട്ടിയും, നനഞ്ഞും ഇരിക്കുന്നുവെന്നു പറയാന്‍ യതിക്കു മാത്രമേ കഴിയൂ. ചെറുഭിന്നതകള്‍ പെരുപ്പിച്ച് വലുതാക്കി പരസ്‌പരം വെടിവെച്ചു കൊല്ലുന്ന അമേരിക്കന്‍ കുടുംബങ്ങളെപ്പറ്റി അദ്ദേഹം അത്ഭുതം കൂറുന്നുണ്ട്. അവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടേത് പുണ്യഭൂമിയാണെന്നാണ് യതിയുടെ പക്ഷം.
കത്തുകളിലൂടെ സൗന്ദര്യലഹരിയുടെ 7ാം ശേഌകം പഠിപ്പിക്കുകയും, അത് മണ്ഡലമായി വരച്ചു ചേര്‍ക്കുയും െചയ്തിട്ടുണ്ട്. 'വീണ്ടും ഞാന്‍ ആത്മാവില്‍ മടങ്ങി തുടങ്ങിയിരിക്കുന്നു' എന്ന് ഇടക്കിടെ യതി ആവര്‍ത്തിക്കുന്നുണ്ട്. ഗീതയും, വേദവും പഠിപ്പിക്കുന്നതിനൊപ്പം ഉരുളക്കിഴങ്ങ്, കാബേജ്, കോളിഫ്ലവര്‍ എന്നിവ കൃഷി ചെയ്യാനും ഉത്‌സാഹിക്കുന്ന ഗുരു യഥാര്‍ത്ഥത്തില്‍ കാഴ്ചയില്‍ ഉരുകുന്ന, മണ്ണിനൊപ്പം ജീവിക്കുന്ന ഒരു കലാകാരന്‍ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. വായനക്കാര്‍ക്ക് ഫേണ്‍ഹില്‍ മികച്ച അനുഭവം സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രസാധകര്‍: കറന്റ് ബുക്‌സ്
Madhyamam 20.09.2010
No comments:
Post a Comment